മേഘമൽഹാർ


"മേഘമൽഹാർ  പെയ്തിറങ്ങിയത് 

തെരുവുകളിൽ ആയിരുന്നില്ല.

വരണ്ടുണങ്ങിയ ഏകാന്തഗലികളിലായിരുന്നു"


meghamalhar
 

അതെ ... വീണ്ടും കണ്ടു ...മേഘമൽഹാർ .
കന്യാകുമാരി യാത്രകൾ പലപ്പോഴും ഓർമ്മിപ്പിക്കുന്നത്  പകലിന്റെ  വേർപാടിൻറെ വിരഹം മുഖത്തണിയുന്ന സന്ധ്യയുടെ  കരഞ്ഞു തുടുത്ത കവിളുകളെയും ,  കരയെ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പ്രണയംകൊണ്ടും ,ചുംബനം കൊണ്ടും മൂടുന്ന  തിരകളുടെ നിലക്കാത്ത പ്രണയത്തെയും ആണ് . ഒന്ന് വിരഹപ്രണയത്തെ  ഓർമ്മിപ്പിക്കുമ്പോൾ മറ്റൊന്ന് അടങ്ങാത്ത പ്രണയത്തെ  മൂർത്തീഭാവമാണ് . തിരമാലകൾ കടൽകരയെ  എത്ര അഗാതമായാണ് കെട്ടിപുണരുന്നത് .  പ്രണയത്തോടെ  നുരഞ്ഞു പതഞ്ഞു കരയുടെ മാറിലേക്ക് തിരമാലകൾ വന്നു പുണരുമ്പോഴുള്ള  ആ നിമിഷം പ്രത്യേക അനുഭുതിയാണ് നൽകുന്നത് .

 ഋതുഭേദങ്ങൾ അറിയാതെ , ജരാനരകൾ ഇല്ലാതെ  കരയെ വരിഞ്ഞു അഗാധമായി പുണരാനുള്ള തിരയുടെ അടങ്ങാത്ത ആ പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല . കാരണങ്ങൾ ഇല്ലാതെ ഇത്രത്തോളം പ്രണയിക്കുന്നവർ ഇവർ മാത്രമാണീ  പ്രപഞ്ചത്തിൽ ഉള്ളതെന്നു തോന്നിപ്പോകുന്നു .ആ  പ്രണയത്തെ  പറ്റി ചിന്തിക്കുമ്പോഴും മനസ്സിലൊരു   വിങ്ങലായി നിൽക്കുന്നത്  രാജീവും നന്ദിതയും തന്നെയാണ് .

പറഞ്ഞു വരുന്നത്   "മേഘമൽഹാർ " നെ പറ്റിയാണ് -   രാജീവും നന്ദിതയും  അവരുടെ നിർവ്വചിക്കാൻ ആകാത്ത ആ ബന്ധത്തെ പറ്റിയും ആണ് .  വളരെ ലളിതവും എന്നാൽ രണ്ട് വ്യക്തികൾക്കിടയിൽ ഉണ്ടായ  നിവചിക്കാനാവാത്ത സ്നേഹത്തെ പറ്റിയാണ്. എത്ര തവണ കണ്ടാലും മതിവരാത്ത ഒരു ചലച്ചിത്രം . ഓരോ തവണ കാണുമ്പോഴും നന്ദിതയുടെയും രാജീവിന്റെയും ബന്ധം മുറുകി വരുന്ന പോലെ തോന്നി പോകുന്നു .
രണ്ടുപേരും വിവാഹജീവിതം നയിക്കുന്നവർ , അതിലുപരി നല്ല മാതാപിതാക്കൾ . എന്നിട്ടും അവർ ഒന്നാകാൻ അറിയാതെ ആഗ്രഹിച്ചു പോകുന്നു .  വേണ്ടെന്നു വെയ്ക്കാൻ ശ്രമിച്ചിട്ടും "വീണ്ടും വീണ്ടും വേണമെന്നു തോന്നുന്ന ഒരിഷ്ടം " അവർക്കിടയിൽ ഉണ്ട് . അവരിലൂടെ എനിക്ക് കാണാൻ കഴിയുന്നത് നിന്നെയും എന്നെയും ആണ് . കാണരുതെന്ന് വെച്ചിട്ടും കാണാതിരിക്കാൻ മനസ്സനുവദിക്കാതെ ഒരു വിങ്ങലായി നീയിങ്ങനെ എന്റെ ഹൃദയത്തിൽ ആഴത്തിൽ മുറിവുകൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നു , ഒരിക്കലും ആ മുറിവിനെ ഉണങ്ങാൻ അനുവദിക്കാതെ . വല്ലാത്ത ഒരു വീർപ്പുമുട്ടലും , അരാജകത്വവും , നഷ്ട്ടബോധവും എന്നെ  അലട്ടുന്നു . അതിനു ആക്കംകൂട്ടാൻ എന്നവണ്ണം   മേഘമൽഹാറും.
 ഓരോ തവണ കണ്ടു തീരുമ്പോഴും വിങ്ങുന്ന ഹൃദയവുമായി ഒറ്റക്കിരുന്നു കരയും , അതിലൊരു സുഖമുണ്ട്, പറഞ്ഞറിയിക്കാനാവാത്ത ഒരു സുഖം.

ഓരോതവണയും കന്യാകുമാരിയിലെ അസ്തമയവും ഉദയവും കാണാൻ നിൽക്കുമ്പോൾ അറിയാതെ മനസ്സിലേക്ക് വരുന്ന മുഖങ്ങളാണ്  നന്ദിതയുടെയും രാജീവിന്റെയും.  ഇത്തവണയും കന്യാകുമാരിയെ ഞാൻ കാണാൻ വന്നത്  ആ നഷ്ട്ട പ്രണയത്തെ ഒരു തവണ കൂടി അനുഭവിക്കാൻ ആണ് . വിവാഹിതരായ രണ്ടുപേർ ആകസ്മികമായി പക്ഷേ സ്വാഭാവികമായും കണ്ടുമുട്ടുന്നു. 

നന്ദിത എഴുത്തുകാരിയും ,  രാജീവ് അഭിഭാഷകനുമാണ്. ഗസൽ സന്ധ്യകളെ  ഇഷ്ടപ്പെടുന്ന രാജീവ് നന്ദിതയെ അയാളുടെ ആ ഇഷ്ടങ്ങൾക്കു കൂട്ടിനു വിളിക്കുകയും പിന്നീട് പല ഗസൽ സന്ധ്യകളും അവർ ഒരുമിച്ചു ആസ്വദിക്കുകയും ചെയുന്നു . അക്ഷരങ്ങളെ  പ്രണയിക്കുന്ന  നന്ദിതയും, ഗസൽ സന്ധ്യകളെ ഇഷ്ട്ടപെടുന്ന രാജീവും പരസ്പരം ഇഷ്ടങ്ങൾ കൈമാറുന്നു.  പതുക്കെ ആ ബന്ധം വളരുന്നു . രാജീവ് നന്ദിതയുമായി പ്രണയത്തിലായിരുന്നുവെങ്കിലും രാജീവ് തന്റെ ബാല്യകാല സുഹൃത്താണെന്ന് അവൾക്ക് ഇതിനകം മനസ്സിലായി. പക്ഷേ രാജീവിന് അത് മനസ്സിലായില്ല.
പഴയ കളിക്കൂട്ടുകാരിയായ ശ്രീകുട്ടിയെ  രാജീവിന് തിരിച്ചറിയാൻ കഴിഞ്ഞില്ല , പക്ഷേ നന്ദിതക്ക് അതിനു കഴിഞ്ഞു .

ശ്രീക്കുട്ടി തന്റെ കളിക്കൂട്ടുകാരനെ തിരിച്ചറിഞ്ഞിട്ടും രാജീവ് ആദ്യം തുറന്നു പറയാനായി കാത്തിരിക്കുന്ന ശ്രീക്കുട്ടിയുടെ കുസൃതിയും നിഷ്കളങ്കതയും ഏതൊരു പെൺകുട്ടിയിലും കാണും . തന്റെ കളിക്കൂട്ടുകാരി ആണ് ശ്രീക്കുട്ടി എന്ന്  രാജീവിനു അറിയില്ല, എങ്കിലും  പറഞ്ഞറിയിക്കാൻ ആകാത്തൊരു  ഇഷ്ടം നന്ദിതയോട്  രാജീവിന് ഉണ്ട് .  അത് പലതവണ പറയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല ,  പക്ഷെ ഒരിക്കൽ തുറന്നു പറഞ്ഞപ്പോൾ അതുൾക്കൊള്ളാൻ  നന്ദിതക്ക് കഴിഞ്ഞില്ല . അതിനു ശേഷം നന്ദിത രാജീവിനെ കാണാനോ , രാജീവിന്റെ ഫോൺ കോളുകൾ അറ്റൻഡ് ചെയ്യാനോ തുനിഞ്ഞില്ല . രാജീവ് ക്ഷണിച്ച ഗസൽ സന്ധ്യയുടെ കത്ത് നിരസിക്കുകയും ചെയ്തു . നന്ദിത രാജീവിനെ പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തു . രാജീവിന്റെ വീർപ്പുമുട്ടലുകളും , നന്ദിതയുടെ സ്വഭാവ മാറ്റവും പ്രേക്ഷകരെ വളരെ  സ്വാധീനിക്കുന്നു . ഒരു ചെറുകഥാ ക്യാമ്പിനായി നന്ദിതയും സുഹൃത്തും തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ വെച്ച് ഏറെക്കാലത്തിനു ശേഷം രാജീവിനെ കണ്ടുമുട്ടുകയും ചെയുന്നു യാത്രയുടെ അവസാനം നന്ദിതയുടെ കഥാസമാഹാരം സുഹൃത്ത് രാജീവിന് സമർപ്പിക്കുകയും ചെയ്തു . അതിന്റെ ആദ്യ പേജിൽ നന്ദിത ഇങ്ങനെ കുറിച്ചിരുന്നു "എന്റെ  പഴയ കളിച്ചങ്ങാതിക്ക്  സ്വന്തം ശ്രീക്കുട്ടി "

By  അശ്വതി വാര്യർ 

#LOve #MalayalamMovie #iroopanam

Comments

Popular posts from this blog

ഭ്രാന്തന്റെ ചങ്ങല